വിഴിഞ്ഞം : വിഴിഞ്ഞത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാറിന്റെയും കലയുടെയും മകന്‍ ശ്രീകാന്തിനെയാണ് കാണാതായത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തിന് സമീപം കടലില്‍ കുളിയ്ക്കാനിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെ കൂട്ടുകാരുമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ശ്രീകാന്ത് ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രീകാന്തിനെ കണ്ടെത്താനായില്ല.