150 ഫാര്‍മസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നു
ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളില്‍ 150 ഫാര്‍മസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാവോജിയെ നിയമിക്കാന്‍ തീരുമാനിച്ചു. മുന്‍ എം.പി എസ്. അജയ്കുമാര്‍, അഡ്വ. പി.കെ. സിജ, എന്നിവര്‍ അംഗങ്ങളായിരിക്കും.
അഴീക്കല്‍ തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ തുറമുഖ വകുപ്പിന്‍റെ അധീനതയിലുളള ഭൂമിയില്‍നിന്നും മൂന്ന് സെന്‍റ് വീതം അനുവദിക്കാന്‍ തീരുമാനിച്ചു. സാജിത, എ.ഇ. സൗമിനി, പണ്ണേരി യശോദ എന്നിവര്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ 2014-ല്‍ രൂപീകരിച്ച പാര്‍ട്ണര്‍ കേരള മിഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഒരു പദ്ധതി പോലും നടപ്പാക്കുന്നതിന് മിഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തി-ബാധ്യതകള്‍ ഇംപാക്ട് കേരള ലിമിറ്റഡില്‍ നിക്ഷിപ്തമാക്കാനും തീരുമാനിച്ചത്.
2005 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥരായ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, കാളിരാജ് മഹേഷ്കുമാര്‍, എസ്. സുരേന്ദ്രന്‍, എ.വി. ജോര്‍ജ് എന്നിവര്‍ക്ക് സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ അംഗീകരിച്ചു.
1993 ഐ.പി.എസ് ബാച്ചിലെ യോഗേഷ് ഗുപ്തയെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു.
2004 ഐ.പി.എസ് ബാച്ചിലെ അനൂപ് കുരുവിള ജോണ്‍, വിക്രംജിത് സിംഗ്, പി. പ്രകാശ്, കെ. സേതുരാമന്‍, കെ.പി. ഫിലിപ് എന്നിവര്‍ക്ക് ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ അംഗീകരിച്ചു.
2000 ഐ.പി.എസ് ബാച്ചിലെ തരുണ്‍ കുമാറിനെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു.
1988 ഐ.എഫ്.എസ് ബാച്ചിലെ ബെന്നിച്ചന്‍ തോമസ്, ഗംഗാസിങ് എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ അംഗീകരിച്ചു.