പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു

216

ന്യൂഡല്‍ഹി : വിവിധ പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാജ്യത്ത് സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു. തുടക്കത്തില്‍ പരീക്ഷാ പരിശീലനം മാത്രമാകും നല്‍കുക. അടുത്ത വര്‍ഷം മുതല്‍ 2697 കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കോച്ചിങ് സെന്ററുകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന ഒറ്റ സംവിധാനം രൂപീകരിച്ചതിന്റെ ഭാഗമായാണ് പരിശീലനവും. സെപ്തംബര്‍ എട്ട് മുതലായിരിക്കും പരിശീലന ക്ലാസ്സുകള്‍ തുടങ്ങുക. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥരാണ് ഇതിനെ കുറിച്ച്‌ അറിയിപ്പ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിട്ടായിരിക്കും പരിശീലനം നല്‍കുക.

അടുത്ത വര്‍ഷം മെയ് മാസം മുതലായിരിക്കും മുഴുവന്‍ സമയ കോച്ചിങ് സെന്ററുകള്‍ തുടങ്ങുക. ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. ആദ്യപടിയായി 2019 ജനുവരിയില്‍ നടക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷക്ക് (ജെഇഇ മെയിന്‍) തയ്യാറെടുക്കുന്നവര്‍ക്ക് മാതൃകാ പരീക്ഷകള്‍ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റ് വഴിയാണ് കോച്ചിങിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായും മാതൃകാപരീക്ഷകള്‍ നടത്തും. ഇവര്‍ക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മൊബൈല്‍ ആപ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

NO COMMENTS