ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ മോദിക്കു കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ്

427

റാമല്ല: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയുമെന്ന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് മധ്യപൂര്‍വ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനും വഹിക്കാവുന്ന പങ്കിനെപ്പറ്റിയും മോദിയുമായി ചര്‍ച്ച നടത്തും. മോദിക്ക് പലസ്തീന്‍ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും ഒരുക്കുകയെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു. മോദിയുമായി സമാധാന ശ്രമങ്ങള്‍, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്ക് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിക്കാനാകും. ഇന്ത്യ രാജ്യാന്തര തലത്തില്‍ ബഹുമാന്യമായ രാജ്യമാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് മോദിയുടെ സന്ദര്‍ശനമെന്നും അബ്ബാസ് പറഞ്ഞു.

NO COMMENTS