കൊച്ചി : സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന് അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.