തിരുവനന്തപുരം: ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിലെ നിരോധനത്തിനെതിരെ വിവിധ ഹൈക്കോടതികളില്‍ നടന്നുവന്ന കേസുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണു വീണ്ടും നിരോധനം ബാധകമാക്കി ഡ്രഗ്‌സ് കണ്‍ട്രോളറുടെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച രാത്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
പാരസെറ്റമോള്‍, കഫീന്‍, അമോക്‌സിസിലിന്‍ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകള്‍ക്കാണു നിരോധനം. ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ വിവിധ സംയുക്തങ്ങള്‍ ചേര്‍ത്താണു പല കമ്ബനികളും മരുന്നു നിര്‍മിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു.
ഇത്തരം മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ടെന്നും ചില കഫ് സിറപ്പുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായും സമിതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകള്‍ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തി. ആറായിരത്തോളം സംയുക്തങ്ങള്‍ പരിശോധിച്ചാണു നിരോധന തീരുമാനമെടുത്തത്.