ന്യൂഡെല്‍ഹി: മഹാത്മാ ഗാന്ധി സിരീസില്‍ ഒരു പുതിയ കറന്‍സി നോട്ടുകൂടി. വയലറ്റ് നിറത്തിലുള്ള നൂറു രൂപയുടെ പുതിയ നോട്ടുകള്‍ അധികം വൈകാതെ തന്നെ നിലവില്‍ വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്തിരിക്കന്നത്. 66 എം.എം. × 142 എം. എം. എന്ന അളവിലാണ് പുതിയ നോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് നിലവിലുള്ളവയെക്കാള്‍ ചെറുതായിരിക്കും. എന്നാല്‍ നിലവിലെ പത്തു രൂപയുടെ നോട്ടിനെക്കാള്‍ വലുതാണ്. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഉപയോഗത്തിലുള്ളവ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാനാണ് ആര്‍.ബി.ഐ. ശ്രമിക്കുന്നത്.