മൂവാറ്റുപുഴ : കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പ് മരുന്നുകള്‍ തലേദിവസം രാത്രി സിറിഞ്ചില്‍ നിറച്ചുവെച്ചത് വിവാദമാകുന്നു. സംഭവത്തില്‍ ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡി എം ഒ ഉത്തരവിട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആന്റിബയോട്ടിക് മരുന്നായിരുന്നു ഇത്തരത്തില്‍ തയാറാക്കിയത്. കുട്ടികളുടെ പേര് ഒരു പേപ്പറില്‍ എഴുതി അതിന്റെ നേരേ അവര്‍ക്കുള്ള മരുന്നുനിറച്ച സിറിഞ്ചുകള്‍ വച്ചിരിക്കുന്നത് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ മറ്റു രക്ഷാകര്‍ത്താ ക്കളേയും വിളിച്ചുകൂട്ടി. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തുകയും പി്ന്നീട് സംഭവ സ്ഥലത്ത് ബഹളം വയ്ക്കുകയുമായിരുന്നു. ഇതിനിടയില്‍ ചുമതലയിലുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റു ജീവനക്കാരും സംഭവത്തില്‍ ഇടപെട്ടു. സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നഴ്സിനെ ചുമതലയില്‍നിന്നും മാറ്റി നിര്‍ത്തി. പിന്നീട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എല്‍ദോ ഏബ്രഹാം എം.എല്‍.എ. ആവശ്യപ്പെട്ടു. രാത്രി പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വിവരം ഡി.എം.ഒയെ ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ഡി.എം.ഒ. അറിയിച്ചതായും ആശുപത്രി സൂപ്രണ്ട് എം.എം. ഷാനി പറഞ്ഞു.