റഫാല്‍ ഇടപാട് ; രാജ്ഭവന്‍ ധര്‍ണ്ണ ഒക്‌ടോബര്‍ 8 ന്

270

തിരുവനന്തപുരം : റഫാല്‍ ഇടപാടില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടും അടിക്കടിയുള്ള പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം ഒക്‌ടോബര്‍ 8ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് രാവിലെ 11.30ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, എം.ഐ.ഷാനവാസ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍, കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍മാരായ വി.എം.സുധീരന്‍, എം.എം.ഹസന്‍, തെന്നല ബാലകൃഷ്ണപിള്ള, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി. ഭാരവാഹികള്‍, കെ.പി.സി.സി. മുന്‍ ഭാരവാഹികള്‍, കെ.പി.സി.സി. നിര്‍വാഹക അംഗങ്ങള്‍, കെ.പി.സി.സി. അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി. ഭാരവാഹികള്‍, പോഷകസംഘടനാ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും തുടങ്ങിയവര്‍ പങ്കെടുക്കും.

റഫാല്‍ ഇടപാടിലെ കോടികണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 15 ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി റഫാല്‍ ഇടപാടിലൂടെ നടത്തിയ കോടികണക്കിന് രൂപയുടെ അഴിമതി പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപരിപാടികളുടെ ഭാഗമായിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരപരിപാടികളെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

NO COMMENTS