ഫിൻലാൻഡ് : ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന് ഇനിമുതൽ ഹിമ അറിയപ്പെടും. അസ്സം സ്വദേശിയായ ഹിമ ദാസ് 400 മീറ്റർ ദൂരം 51.46 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ലോക അണ്ടർ 20 അത്‌ലറ്റിക്സിൽ ചരിത്രവിജയം കുറിച്ച ഹിമയെ തേടി അഭിനന്ദന പ്രവാഹമാണ്. രാജ്യാന്തര തലത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് പതിനെട്ടുകാരിയായ ഹിമ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികമന്ത്രി രാജ്യവർധൻ സിങ് റത്തോഡ്,രാഷ്ട്രപതി റാംനാഥ് കോവിന്ദ്, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ഗാന്ധി, അമിതാഭ് ബച്ചൻ തുടങ്ങിയവർ ഹിമയ്ക്ക് അഭിനന്ദനമറിയിച്ചു. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ കുതിപ്പാണ് ചരിത്രവിജയത്തിലേയ്ക്ക് എത്തിച്ചത്. റഷ്യയുടെ ആൻഡ്രിയ മികോസ് (52.07 സെക്കൻഡ്) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ (52.28) വെങ്കലവും നേടി. ഇൗ വർഷം ഗോൾഡ് കോസ്‌റ്റിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിലും 400 മീറ്ററിൽ ഹിമ മത്സരിച്ചിരുന്നു. അന്ന് 51.32 സെക്കൻഡിൽ ഓടിയെത്തിയ ഹിമയ്ക്ക് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. ഗുവാഹത്തിയിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് ഹിമ തന്റെ റെക്കോർഡ് വേഗം കുറിച്ചത്. 51.13 സെക്കൻഡിൽ ഓടിയെത്തിയതാണ് അന്ന് സ്വർണം നേടിയത്.