കൊല്ലം: കൊല്ലം ചവറയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ അറിയിച്ചു . അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് കെഎംഎംഎല്‍ എംഎസ് പ്ലാന്‍റിലേക്കുള്ള നടപ്പാലം തകര്‍ന്ന് വീണത്. പന്മന കൊല്ലക കൈരളിയില്‍ പരേതനായ പി.ആര്. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തില്‍ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചല്‍ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിന്‍ വില്ലയില്‍ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (ഷീന-45) എന്നിവരാണു മരിച്ചത്. പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളി കുടുംബങ്ങള്‍ തൊഴില്‍ പ്രശ്നമുന്നയിച്ച് കമ്ബനിക്കു മുന്നില്‍ സമരം നടത്തിയിരുന്നു. ഇതിനുശേഷം പാലത്തില്‍ കയറി തിരിച്ചുപോകാനൊരുങ്ങി. ഇതേസമയം തന്നെ കമ്ബനിയിലെ ജീവനക്കാരും പാലത്തില്‍ കയറി. ഇതോടെ പാലത്തിന്‍റെ ഒരു വശത്തെ ഇരുമ്ബ് തൂണ്‍ ഇളകി ചരിയുകയായിരുന്നു. ആളുകള്‍ ഒരു വശത്തേക്കു മാറിയതോടെ പാലത്തിന്‍റെ നടുഭാഗം ഒടിഞ്ഞ് കനാലിലേക്കു പതിക്കുകയായിരുന്നു.