തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇന്നു മുതല്‍ പഞ്ചിങ് സംവിധാനം നിലവില്‍ വരും. പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. പരീക്ഷണ ഘട്ടത്തില്‍ ഡ്യൂട്ടി ക്രമീകരിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ പദ്ധതിയുമായി സഹകരിക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. ഇപ്പോള്‍ തുടരുന്ന ഹാജര്‍ രേഖപ്പെടുത്തലിനു പുറമേയാണ് പഞ്ചിങ് സംവിധാനവും നടപ്പാക്കുന്നത്. വൈകി ഒ.പി തുടങ്ങുക, ഡ്യൂട്ടി സമയം തീരും മുമ്ബ് ആശുപത്രി വിടുക, സ്ഥലംമാറ്റം കിട്ടികഴിഞ്ഞാല്‍ എല്ലാ ദിവസവും ആശുപത്രികളിലെത്താതിരിക്കുക തുടങ്ങിയ പരാതികള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പഞ്ചിങ് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം. ഡോക്ടര്‍മാര്‍ക്കും ജിവനക്കാര്‍ക്കും പലവിധ ഡ്യൂട്ടികള്‍ ഉള്ളതിനാല്‍ അതിനനുസരിച്ച് ഡ്യൂട്ടി സമയം ഏകീകരിക്കുന്നത് എങ്ങനെയെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ആദ്യ ഒരു മാസം പരീക്ഷണ പഞ്ചിങ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍, പരീക്ഷണ പഞ്ചിങ് ആയതിനാല്‍ ശമ്ബളം നല്‍കുന്ന സ്പാര്‍ക്ക് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരു മാസം കഴിഞ്ഞാല്‍ ശമ്ബളം ഉള്‍പ്പെടെ പഞ്ചിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതിനൊപ്പം തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പഞ്ചിങ്ങും വരുന്നുണ്ട്.