കാഞ്ഞങ്ങാട് : കാസര്‍ഗോഡ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസിലെ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കല്യോട്ട് കണ്ണോത്തെ വിജയകുമാ (31) റിന് കാസര്‍കോട് അഡിഷണല്‍ സെഷന് കോടതി ജഡ്ജി ശശികുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഐ.പി.സി 34, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2015 ജൂലൈ ഒമ്ബതിന് രാവിലെ കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകവെ വിജയന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് പിറകില്‍നിന്നും വെട്ടുകയായിരുന്നു. വെട്ടില്‍ കുട്ടിയുടെ പുറം ഭാഗം പിളര്ന്നുപോയി. സംഭവ സ്ഥലത്ത് തന്നെ ഫഹദ് ചോരവാര്‍ന്ന് മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.