ദില്ലി: ദില്ലിയിലെ മോതി നഗറില്‍ ഏഴു വയസ്സുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മയങ്ങാനുള്ള മരുന്നു നല്‍കിയശേഷം സ്‌കൂളില്‍ വച്ച് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
രണ്ടു മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ഏഴു വയസ്സുള്ള മകളെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച വിവരം കുട്ടിയുടെ അച്ഛനാണ് ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ആചാര്യ ഭിക്ഷു ആശുപത്രിയില്‍ മകളുടെ വൈദ്യ പരിശോധന നടത്തിയെന്നും അച്ഛന്‍ പൊലീസിനെ അറിയിച്ചു. ഇതേത്തുര്‍ന്ന് ദില്ലി പൊലീസ് പോസ്‌കോ ആക്ട് പ്രകാരം കേസെടുത്തു. കുറച്ചു മാസങ്ങളായി ഉച്ചഭക്ഷത്തിനായുള്ള ഇടവേളകളില്‍ ആളൊഴിഞ്ഞ ക്‌ളാസ്മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കുട്ടി പൊലീസിനു നല്‍കിയ മൊഴി. മരുന്നു നല്‍കി മയക്കിശേഷമാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്കും കൗണ്‍സിലിംഗിനും വിധേയയാക്കിയെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മോതി നഗറിലെ സര്‍വ്വോദയ ഗേള്‍സ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റു ചെയ്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.