പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടങ്ങൾ മെയ് 30നു നാടിനു സമർപ്പിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേ സമയം മറ്റു സ്‌കൂളുകളിലും മന്ത്രിമാർ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രാദേശിക ചടങ്ങുകൾ നടക്കും.
സംസ്ഥാനത്തെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27നകം പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2016നു ശേഷം അഞ്ഞൂറോളം സ്‌കൂൾ കെട്ടിടങ്ങളാണു നിർമിച്ചത്. ചരിത്രത്തിൽത്തന്നെ റെക്കോർഡാണിത്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയ ശേഷം 145 സ്‌കൂൾ കെട്ടിടങ്ങളാണു പുതുതായി നിർമിച്ചതെന്നും മന്ത്രി പറഞ്ഞു.
30ന് ഉദ്ഘാടനം ചെയ്യുന്ന 75 സ്‌കൂൾ കെട്ടിടങ്ങളിൽ അഞ്ചു കോടിയുടെ കിഫ്ബി ധനസഹായത്തോടെ ഒമ്പതു സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടിയുടെ കിഫ്ബി ധനസഹായത്തോടെ 16 കെട്ടിടങ്ങളും ഒരു കോടി കിഫ്ബി ധനസഹായത്തോടെ 15 കെട്ടിടങ്ങളും പ്ലാൻഫണ്ടും മറ്റു ഫണ്ടുകളുടെയും സഹായത്തോടെ 35 കെട്ടിടങ്ങളുമാണു നിർമിച്ചത്. നിലവിൽ നിർമാണം പുരോഗമിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.