കാസറഗോഡ് : മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 78 കുളങ്ങള്‍ നവീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പിലിക്കോട്, വലിയപറമ്പ, പടന്ന, കയ്യൂര്‍-ചീമേനി എന്നീ ആറ് പഞ്ചായത്തുകളിലെ പൊതുകുളങ്ങളാണ് നവീകരിച്ചത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിച്ചത് അതത് പഞ്ചായത്തുകളാണെങ്കിലും എല്ലാവിധ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും നല്‍കി ബ്ലോക്ക് പഞ്ചായത്തും ഒപ്പം നിന്നു. ഏപ്രില്‍ മാസത്തിലാണ് കുളം നവീകരണ പ്രവര്‍ത്തനം തുടങ്ങിയത്. മെയ് മാസത്തോടെ 78 കുളങ്ങളും നവീകരിച്ചു.
മഴക്കാലം വരുന്നതോടെ ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്ക കുളങ്ങളിലും തെങ്ങോലകളും മരങ്ങളുടെ ഇലകളും വീണ് അതിലെ വെള്ളം മലിനമായിരിക്കുകയായിരുന്നു. ഇവിടങ്ങളില്‍ കൊതുകുകള്‍ മുട്ടയിടാനുള്ള സാധ്യതയും ഏറെയായിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തിലെ ചളി നീക്കം ചെയ്ത് ആഴം കൂട്ടി.
കുളങ്ങളിലെ തെങ്ങോലകളും ഇലകളും മാലിന്യങ്ങളും നിര്‍മ്മാര്‍ജനം ചെയ്ത് കുളം ശുചീകരിച്ചു. ആവശ്യമായ കുളങ്ങള്‍ക്ക് ചുറ്റു മതിലും കെട്ടി. ജലസംരക്ഷണവും ശുചീകരണവുമാണ് നവീകരണത്തിന്റെ മറ്റൊരു ലക്ഷ്യം.
കൂടാതെ നീലേശ്വരം ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകളിലെയും നിരവധി തോടുകളും ശുചീകരിച്ചു. തോടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി, കൊതുക് മുട്ടയിടാനുള്ള സാധ്യത നിര്‍മാര്‍ജ്ജനം ചെയ്തു. ആവശ്യമുള്ള തോടുകള്‍ക്ക് തടയണയും നിര്‍മ്മിച്ചു. ഇങ്ങനെ മഴക്കാല രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും പൊതുജനത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുള്ള തീവ്രശ്രമത്തിന്റെ പാതയിലാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍.