കാസറഗോഡ് : ഇടിഞ്ഞു വീഴാറായ മേല്‍ക്കൂരയില്‍ നിന്നും അടച്ചുറപ്പില്ലാത്ത വീടുകളില്‍ നിന്നുമൊക്കെയായി കാലങ്ങളായി മോചനമില്ലാതെ ദുരിതം അനുഭവിച്ച 7951 കുടുംബങ്ങള്‍ സന്തോഷത്തിന്റെ നാളുകളിലാണ്. മൂന്നോട്ട് എന്തെന്നറിയാത്തവര്‍ക്ക് സുരക്ഷിത ഭവനത്തിനൊപ്പം ലൈഫ് മിഷനിലൂടെ മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുങ്ങി. കനത്ത കാലവര്‍ഷത്തിലും പേടി കൂടാതെ നിറഞ്ഞ ചിരിയോടെ സുരക്ഷിതരായി ഇവര്‍ക്ക് ഈ ഭവനങ്ങളില്‍ അന്തിയുറങ്ങാം. നാലുവര്‍ഷം പിന്നിട്ട സംസ്ഥാന സര്‍ക്കാറിന് വീട് ലഭിച്ച ഓരോ മുഖത്തേയും നിറഞ്ഞ പുഞ്ചിരിയാണ് മികച്ച സമ്മാനം.
സംസ്ഥാന സര്‍ക്കാറിന്റെ നാല് മിഷനുകളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതും ജനകീയമായതുമായ പദ്ധതിയാണ് ലൈഫ് മിഷന്‍. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ പാതി വഴിയില്‍ നിന്ന വീടുകളുടെ പൂര്‍ത്തീകരണം, രണ്ടാം ഘട്ടമായി സ്വന്തമായി സ്ഥലമുള്ള ആളുകള്‍ക്കായി നല്‍കിയ വീടുകള്‍, മൂന്നാംഘട്ടത്തില്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കായി ഫ്ലാറ്റുകള്‍. കോവിഡ് കാലത്ത് വീടുകളുടെ പൂര്‍ത്തീകരണത്തിന് ഏറെ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇപ്പോഴും വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
കാസര്‍കോട് ജില്ലയില്‍ ഇതുവരെയായി 7951 വീടുകളാണ് പണി പൂര്‍ത്തിയാക്കിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2882 വീടുകളും രണ്ടാം ഘട്ടത്തില്‍ 2852 വീടുകളും പൂര്‍ത്തിയായി. ഗ്രാമീണ മേഖലയില്‍ പ്രധാനമന്ത്രി ആവാസ് യോജനയുമായി ചേര്‍ന്ന് 568 വീടുകളും നഗരപ്രദേശങ്ങളില്‍ 1164 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. എസ്.സി വിഭാഗത്തില്‍ 455 വീടുകളും എസ്.ടി വിഭാഗത്തില്‍ 632 വീടുകളും ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് വീടുകളും മത്സ്യതൊഴിലാളി വിഭാഗത്തില്‍ 107 വീടുകളുമാണ് ലൈഫ് മിഷനില്‍ വിരിഞ്ഞത്.
ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത് 98.16 ശതമാനം വീടുകള്‍
ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ അനുവദിച്ച 98.16 ശതമാനം വീടുകളും പൂര്‍ത്തിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നൂറ് ശതമാനവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 99.49 ശതമാനം വീടുകളും ജൂണ്‍ മാസത്തോടെ പൂര്‍ത്തിയായി.കാസര്‍കോട് ബ്ലോക്കിന് കീഴിലെ 97.58 ശതമാനം വീടുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ നൂറ് ശതമാനം വീടുകളും പൂര്‍ത്തിയായി. നീലേശ്വരം ബ്ലോക്കിന് കീഴിലെ 98.68 ശതമാനം വീടുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 99.18 ശതമാനം വീടുകളും പൂര്‍ത്തിയായി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 51 വീടുകളും പൂര്‍ത്തിയായി. എസ്.സി വിഭാഗത്തിന് അനുവദിച്ച നൂറ് ശതമാനം (56) വീടുകളും പൂര്‍ത്തിയായി. എസ്.ടി വിഭാഗത്തിന് അനുവദിച്ച 96.70 ശതമാനം വീടുകളും ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നല്‍കിയ 60 ശതമാനം വീടുകളും മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്ക് അനുവദിച്ച 80.10 ശതമാനം വീടുകളും പൂര്‍ത്തിയായി. മൂന്ന് മുനിസിപ്പാലിറ്റികളും നൂറ് ശതമാനം വീടുകളും പൂര്‍ത്തീകരിച്ചു. 31 പഞ്ചായത്തുകളും ഒന്നാം ഘട്ടതില്‍ നൂറ് ശതമാനം വീടുകള്‍ പൂര്‍ത്തിയാക്കി. ഏഴ് പഞ്ചായത്തുകള്‍ നൂറ് ശതമാനത്തട് അടുക്കുകയാണ്.
രണ്ടാം ഘട്ടത്തില്‍ 2852 വീടുകള്‍ പൂര്‍ത്തിയായി
ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ മാത്രമായി ജനുവരി 30 വരെയായി 2852 വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആകെ അനുവദിച്ച 8645 വീടുകളില്‍ 79.11 ശതമാനം വീടുകളും ജനുവരിയോടെ പൂര്‍ത്തിയായിട്ടുണ്ട്. 664 വീടുകള്‍ക്ക് വിവിധ ഘട്ടത്തിലാണ്. നിലവില്‍ കോവിഡ് ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വീടുപണി നടന്നുവരികയാണ്. രണ്ടാം ഘട്ടത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അനുവദിച്ച 85.61 ശതമാനം വീടുകളും പൂര്‍ത്തിയായി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 78.79ശതമാനം വീടുകളുടെ പണി പൂര്‍ത്തിയായി. കാസര്‍കോട് ബ്ലോക്കിന് കീഴിലെ 73.10 ശതമാനം വീടുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 82.89 ശതമാനം വീടുകളും പൂര്‍ത്തിയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 92.11 ശതമാനം വീടുകളും പരപ്പ ബ്ലോക്കിന് കീഴിലെ 79.11 ശതമാനം വീടുകളുടേയും പണി പൂര്‍ത്തിയായി.
മൂന്നാം ഘട്ടത്തിലേക്ക് : 2730 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും
മൂന്നാം ഘട്ടമായ സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള വീട് ഘട്ടത്തിലേക്ക് കാസര്‍കോട് പ്രവേശിച്ചു കഴിഞ്ഞു. ഇതിലേക്കായി 2730 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമി കണ്ടെത്തുകയോ, പഞ്ചായത്തുകളില്‍ നിന്നോ/റവന്യൂ വകുപ്പ് മുഖാന്തിരമോ അനുവദിക്കുകയോ ചെയ്താല്‍ വീടിനായി ധനസഹായം ലഭ്യമാക്കും. ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ച് ക്ലസ്റ്റര്‍ഹോം/ മിനി ഫ്ലാറ്റ്/ ഫ്ലാറ്റ് എന്നിങ്ങനെയാണ് സൗകര്യമൊരുക്കുക. നിലവില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇടിഞ്ഞു വീഴുന്ന മേല്‍ക്കൂരയില്‍ നിന്നും അടച്ചുറപ്പില്ലാത്ത വീടുകളില്‍ നിന്നും കാലങ്ങളായി മോചനമില്ലാതെ ദുരിതം അനുഭവിച്ച എണ്ണായിരത്തോളം പേരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ് ഇവിടെ. നിറഞ്ഞ ചിരിയോടെ സുരക്ഷിതരായി ഇനി ഇവര്‍ക്ക് ഈ ഭവനങ്ങളില്‍ അന്തിയുറങ്ങാം. തല ചായ്ക്കാന്‍ സുരക്ഷിതമായ വീട് ലഭിച്ച കുടുംബങ്ങളുടെ നിറഞ്ഞ പുഞ്ചിരിയാണ് സര്‍ക്കാരിനുള്ള മികച്ച സമ്മാനം.