ദില്ലി: പാർലമെന്റിന്റെ സുരക്ഷമേഖലയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട എഎപി എംപി ഭഗവന്ത് മാന്റെ നടപടി പരിശോധിക്കാൻ ഒമ്പതംഗ സമിതിക്ക് സ്പീക്കർ സുമിത്ര മഹാജൻ രൂപം നൽകി റിപ്പോർട്ട് വരുന്നത് വരെ ഭഗവന്ത് മാൻ ലോക്‌സഭാ നടപടികളിൽ പങ്കെടുക്കരുതെന്നും സ്പീക്കർ നിർദ്ദേശിച്ചു. അടുത്തമാസം മൂന്നാം തീയതിക്ക് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് സ്പീക്കര്‍ സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. സഭ തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം സ്പീക്കർ അറിയിച്ചു.
പാർലമെന്റ് തുടങ്ങുന്നതിന് മുൻപ് സ്പീക്കർ സുമിത്ര മഹാജൻ വിളിച്ച ലോക്സഭയിലെ കക്ഷിനേതാക്കളുടെ യോഗത്തിൽ ഭഗവന്ത് മാൻ അച്ചടക്കം ലംഘിച്ചുവെന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്നും ബിജെപി, ശിരോമണി അകാലിദൾ, തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ ബിജെപി അംഗം കിരിത് സോമയ്യ അധ്യക്ഷനായ ഒമ്പതംഗ അംഗസമിതിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. കോൺഗ്രസിലെ കെ സി വേണുഗോപാലും സമിതിയിൽ അംഗമാണ്.
സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ഭഗവന്ത് മാനിനോടും സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂരിൽ രണ്ട് ദളിത് പെൺകുട്ടികളെ മർദ്ദിച്ചുവെന്നും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ജയിലിലടച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ശൂന്യവേളയിൽ ആരോപിച്ചു. മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ സിപിഐഎം അംഗങ്ങൾ ബഹളമുണ്ടാക്കി.
ആന്ധ്രപ്രദേശിന് പ്രത്യേകപാക്കേജ് നൽകണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബിൽ ഉടൻ പാസാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത് മൂലം രാജ്യസഭ ഉച്ചക്ക് ശേഷം നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു.