ലോസ് ആഞ്ചലസ്: തൊണ്ണൂറ്റി ഒന്നാമത് ഓസ്കര് നിശയില്‍ പീറ്റര്‍ ഫാരെലി സംവിധാനം ചെയ്ത ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 1970കളിലെ മെക്സിക്കന്‍ നഗരത്തിന്റെയും നഗരവാസികളുടെയും ജീവിതകഥ കറുപ്പിലും വെളുപ്പിലും പറഞ്ഞ അല്‍ഫോണ്‍സ് ക്വാറോണ്‍ മികച്ച സംവിധായകനായി. മെക്സിക്കന്‍ സ്പാനിഷ് ഭാഷകളില്‍ ഒരുക്കിയ റോമയാണ് ക്വാറോണിന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്.
ബോഹീമിയന്‍ റാപ്സഡിയിലെ അവിസ്മരണീയ പ്രകടനത്തിലൂടെ റാമി മാലെക്ക് മികച്ച നടനുള്ള ഓസ്കര് സ്വന്തമാക്കി. ഒലീവിയ കോള്മാന് ദി ഫേവറിറ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടി.
ഓസ്കര് നിശയില്‍ നാല് പുരസ്കാരങ്ങളുമായി ബ്രിട്ടീഷ്- അമേരിക്കന്‍ ചിത്രമായ ‘ബൊഹീമിയന്‍ റാപ്സഡി’ തിളങ്ങി. നടന്, ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നീവിഭാഗങ്ങളിലാണ് ചിത്രം നേട്ടം കൊയ്തത്. ‘ബ്ലാക് പാന്തര്‍’, ‘റോമ’,എന്നീ ചിത്രങ്ങള്‍ മൂന്ന് ഓസ്കറുകള് വീതം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സ്കോര്‍ വിഭാഗങ്ങളിലാണ് ബ്ലാക് പാന്തര്‍ പുരസ്കാരം നേടിയത്. മികച്ച സംവിധായകന്, മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയിലാണ് റോമ പുരസ്കാരം കരസ്ഥമാക്കിയത്.