തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പെടെ വധിക്കുമെന്നാണ് ഊമക്കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു.
കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് സംബന്ധിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വധഭീഷണിക്ക് പിന്നില്‍ ടിപി കേസ് പ്രതികളാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികള്‍ക്ക് വിരോധമുണ്ടെന്നും വധഭീഷണിയില്‍ അടിയന്തരമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂരും പ്രതികരിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് എംഎല്‍എ ഹോസ്റ്റലില്‍ വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹത്തിനു സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വധഭീഷണിക്കു പിന്നില്‍ ടിപി കേസ് പ്രതികളെന്നു സംശയമുണ്ടെന്നും എന്നാല്‍ നൂറു ശതമാനം ഉറപ്പിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.