അനധികൃത സ്വത്ത് സമ്പാദനം ; കെ എം ഷാജിയെ പൂട്ടാൻ നീക്കം ;വിജിലന്‍സ് സംഘം ഷാജിയുടെ വീടുകളില്‍ വീണ്ടും പരിശോധന നടത്തി

24

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനം, കണക്കില്‍ പെടാത്ത പണം സൂക്ഷിക്കല്‍ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി വിജിലന്‍സിനു സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമാണെന്നു കാണിച്ച്‌ വിജലന്‍സിന് രഹസ്യ വിവരം. പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിനും ഉന്നതാധികാര സമിതിയുടെ അധികാര കേന്ദ്രീകരണത്തിനും എതിരെ ശബ്ദിക്കുന്ന വിഭാഗത്തിന്റെ നിയന്ത്രണം കെ എം ഷാജിക്കായിരിക്കും എന്ന സൂചന പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ ഷാജിയെ പൂട്ടാനുള്ള നീക്കത്തിലാണെന്നാണു വിവരം.

പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ കെ എം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളിലും യോഗത്തിന്റെ മിനുട്സിലും കൃത്രിമം നടന്നിട്ടുണ്ടെന്നു കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ അന്വേഷണ സംഘത്തിന് രഹസ്യ വിവരം പോയത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം ഷാജിയുടെ വീടുകളില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. അന്വേഷണം ഉടനെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിധം കൂടുതല്‍ തെളിവുകളും സൂചനകളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

പാര്‍ട്ടിയില്‍ നേതൃപദവിയിലേക്ക് എത്താനുള്ള തന്റെ വഴികള്‍ അടക്കുന്നതിന് പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ അന്വേഷണത്തെ ആയുധമാക്കുന്നതായി ഷാജിക്കും വിവരം ലഭിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തില്‍ പെട്ടു പാര്‍ട്ടിക്കു മാനക്കേടുണ്ടാക്കിയവരില്‍ വി കെ ഇബ്രാഹിം കുഞ്ഞിനേയും ഖമറുദ്ദീനേയും മാറ്റി നിര്‍ത്തിയെങ്കിലും കെ എം ഷാജി വീണ്ടും മത്സരിച്ചത് പാര്‍ട്ടിക്കും മുന്നണിക്കും ലഭിച്ച തിരിച്ചടിക്ക് വലിയ കാരണമായെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷം പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റ് അംഗത്വം രാജിവച്ച്‌ നിയമസഭയിലേക്കു മത്സരിച്ചതാണ് തിരിച്ചടിക്കു വഴിയൊരുക്കിയതെന്ന ആരോപണത്തെ തടയാനാണ് ഷാജിയുടെ സ്ഥാനാര്‍ഥിത്വം മറുപക്ഷം ഉയര്‍ത്തുന്നത്.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയെന്ന പരാതി, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍, വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദനം തുടങ്ങിയ ആരോപണങ്ങളെല്ലാം ഉയര്‍ന്നപ്പോള്‍ ഷാജിയെ പാര്‍ട്ടി കൈവിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വീട്ടില്‍ നിന്നു കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതോടെ രക്ഷകരായി പാര്‍ട്ടി നേതൃത്വം രംഗത്തുവന്നില്ല. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടിക്കു മുമ്ബില്‍ വന്ന പരാതികളും അതെല്ലാം ഒത്തു തീര്‍ത്ത വഴികളും പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങള്‍ വിജിലന്‍സ് കേന്ദ്രങ്ങളില്‍ എത്തിച്ചതായും വിവരമുണ്ട്.

കെ എം ഷാജി കോഴിക്കോട് വീട് നിര്‍മ്മിച്ച ഭൂമി സംബന്ധിച്ച്‌ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ നല്‍കിയ വഞ്ചനാ പരാതിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പരാതിക്കാര്‍ക്ക് മുടക്ക് മുതല്‍ പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കിയാണ് ഒത്തുതീര്‍ത്തത്. യൂത്ത് ലീഗിന് വേണ്ടി കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡില്‍ വാങ്ങിയ ഭൂമി ഇടപാടിലും കെ എം ഷാജിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളാണ് പുതുതായി വിജിലന്‍സിനു ലഭിച്ചതെന്നാണു സൂചന.

പാര്‍ട്ടിയില്‍ നിന്നു ലഭിക്കുന്ന പുതിയ വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്.അനധികൃത സ്വത്ത് സമ്ബാദനക്കേസിലും കണക്കില്‍ പെടാത്ത പണത്തിന്റെ പേരിലും നേരത്തെ ഷാജിയെ പലവട്ടം ചോദ്യം ചെയ്തിരുന്നു.

47,30,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ചതായുള്ള മിനുട്സ് ആയിരുന്നു ഷാജി വിജിലന്‍സില്‍ ഹാജരാക്കിയത്. പിന്നീടാണ് പണം പിരിച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ചത്. പണം കണ്ടെടുത്ത ഉടനെ ഷാജി മാധ്യമങ്ങളോടു പ്രതികരിച്ചത് ബന്ധുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇതെന്നായിരുന്നു. എന്നാല്‍ പിന്നീട് താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് പരിശോധനയില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന്് ഭൂമിയിടപാടിന്റെ 72 രേഖകള്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ കൂടുതല്‍ സ്വര്‍ണ്ണവും കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച്‌ ഷാജിയുടെ ഭാര്യ ആഷയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ഉണ്ടായ സാഹചര്യത്തില്‍ ലീഗിലും നേതൃമാറ്റത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമാണ്. കൊവിഡ് മാനദണ്ഡത്തിന്റെ പേരില്‍ യോഗം ചേരാതെ തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം ചര്‍ച്ചചെയ്യാതെ ലീഗ് മുന്നോട്ടു പോവുകയാണ്.

പാര്‍ട്ടിയില്‍ ആര്‍ക്കും രണ്ടു പദവി ആവശ്യമില്ലെന്ന ആവശ്യം ശക്തമാക്കി പാര്‍ലിമെന്ററി പദവിയില്‍ ഉള്ളവരെ പാര്‍ട്ടി പദവികളില്‍ നിന്നു മാറ്റാനുള്ള നീക്കമായിരുന്നു കെ എം ഷാജിയെ അനുകൂലിക്കുന്നവര്‍ ലക്ഷ്യമിട്ടത്. കെ പി എ മജീദ് വഹിച്ച മുസ്്ലിം ലീഗ് ജന. സെക്രട്ടറി പദവി പ്രതീക്ഷിച്ചായിരുന്നു ഷാജി കരുക്കള്‍ നീക്കിയത്. എന്നാല്‍ വിജലന്‍സ് കേസില്‍ ഷാജിയെ പൂട്ടി പാര്‍ട്ടി പദവികളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നീക്കം ഇപ്പോള്‍ ശക്തമാണെന്നാണു വിവരം.

NO COMMENTS