സി.എഫ്.എൽ.ടി.സികളിലും ഡി.സി.സികളിലും ആവശ്യാനുസരണം പാലെത്തിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

30

കോവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഡോമിസിലറി കെയർ സെന്ററുകളിലും മിൽമയിൽ നിന്നും പാൽ സംഭരിക്കാൻ അനുമതി നൽകുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നേരത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പരിസരത്തുള്ള ക്ഷീരസംഘങ്ങളിൽ നിന്നും പാൽ ലഭ്യമാക്കാൻ സ്വന്തമായി സംസ്‌കരണ സൗകര്യമുള്ള സൊസൈറ്റികൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചില പാൽ സൊസൈറ്റികൾക്ക് സംസ്‌കരണ സൗകര്യമില്ലാത്തതിനാൽ ചികിത്സാ കേന്ദ്രങ്ങളിൽ പാൽ ലഭ്യതയ്ക്ക് തടസം നേരിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മിൽമയിൽ നിന്നും പാൽ സംഭരിക്കാൻ അനുമതി നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പാൽ സംസ്‌കരണ സൗകര്യമുള്ള സൊസൈറ്റികൾ പരിസരത്തുള്ള സി.എഫ്.എൽ.ടി.സികളിലും ഡി.സി.സികളിലും സൊസൈറ്റികളുടെ പാലും ആ സൗകര്യമില്ലാത്തിടത്ത് മിൽമയുടെ പാലും ആവശ്യാനുസരണം സംഭരിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

NO COMMENTS