ബംഗളൂരു: അനധികൃതമായി നഗരത്തില്‍ നിര്‍മിച്ച എല്ലാ മതസ്ഥാപനങ്ങളും ഉടന്‍ നീക്കണമെന്ന് ബി.ബി.എം.പിയോട് കര്‍ണാടക ഹൈകോടതി നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ അടക്കമുള്ളവ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് ബി.ബി.എം.പി ചീഫ് കമീഷണര്‍ക്ക് നിര്‍ദേശം നല്കി.
വിഷയത്തില്‍ ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത നേരിട്ട് ഇടപെടണമെന്നും ആഗസ്റ്റ് 10നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാനത്ത അനധികൃത മതസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് പാലിച്ചതിെന്റ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ അടുത്ത വാദം ആഗസ്റ്റ് 12ന് നടക്കും.
മുമ്പും ഇക്കാര്യത്തില്‍ ഹൈകോടതി ബി.ബി.എം.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നഗരത്തില്‍ അനധികൃതമായി നിര്‍മിച്ച 277 കെട്ടിടങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇതുവരെ ബി.ബി.എം.പി നീക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില് കാലതാമസം നേരിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു.