കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ

8

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും എടുക്കുന്ന 2 ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് വഹിക്കും.

ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകണമെന്ന് ലക്ഷ്യമിടുന്നു.ആഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന വായ്പകൾക്ക് ഈ പലിശയിളവ് ബാധകമാക്കാവുന്നതാണ്.അതിനോടൊപ്പം സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കും.

ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കി. ഈ സ്ഥാപനങ്ങൾക്ക് ഈ കാലയളവിൽ ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ്ജും സർക്കാർ വാടകയും ഒഴിവാക്കും.

കെ എസ് എഫ് ഇ കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസം നൽകുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കും. 20.1.2021 മുതൽ ഡിഫാൾട്ട് ആയ കെ എസ് എഫ് ഇ നൽകിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 20.1.2021 മുതൽ ഡിഫാൾട്ട് ആയ ചിട്ടി പിടിക്കാത്ത ചിറ്റാളൻമാർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളൻമാർക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കൊവിഡ് ബാധിച്ച കുടുംബ ങ്ങൾക്ക് നൽകുന്ന അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ നൽകുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടും.

കൊവിഡ് പശ്ചാത്തലത്തിൽ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികൾ പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ജൂലൈയിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെയാണിത്.
ഒരു കോടി രൂപ വരെ കോളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന ‘സ്റ്റാർട്ടപ്പ് കേരള’ വായ്പാപദ്ധതിയ്ക്കായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും. സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി നടപ്പാക്കും. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ, 500 കോടി രൂപ മാറ്റി വയ്ക്കും.

നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയെ പുനരാവിഷ്‌കരിക്കും. ഒരു കോടി വരെ 5 ശതമാനം പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം ഉണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. നിലവിൽ കോവിഡ്-19ന്റെ രണ്ടാം തരംഗം മൂലം തുടരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി മേഖലകളിലുള്ള യൂണിറ്റുകളെ സഹായിക്കുന്നതിനായി വിവിധ നടപടികൾ കെ എഫ് സി കൈക്കൊണ്ടു വരുന്നുണ്ട്.

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തു 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ബഡ്ജറ്റിൽ പറഞ്ഞതനുസരിച്ച് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. 820 വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

സംരംഭകരുടെ നിലവിലുള്ള വായ്പകൾ റിസർവ് ബാങ്ക് (RBI) മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകും. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കില്ല. 3000 ത്തോളം വായ്പകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വീണ്ടും പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായ ങ്ങൾക്കും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത് പോലെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് കഴിഞ്ഞ വർഷം അനുവദിച്ച 20 ശതമാനം ഉൾപ്പടെ 40 ശതമാനം അധിക വായ്പ. ബാങ്കുകളെപോലെ കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റി ലഭിക്കാത്തതിനാൽ കെ എഫ് സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്.

പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടക്കേണ്ടതിനാൽ, വായ്പയിൽ നിന്നും ഇത് തിരിച്ചടക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. 400 സംരംഭങ്ങൾക്ക് ഈ അനുകൂലം ലഭിക്കും. കെ എഫ് സി ഇതിനായി 450 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യ മന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിലാണ് നൽകുന്നത്. 5 വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. 50 സംരംഭങ്ങൾക്കായി 100 കോടി രൂപ ഇതിനായി മാറ്റി വെക്കും.

പലിശ നിരക്ക് കുറച്ചു ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നി വിഭാഗങ്ങൾക്കുള്ള പലിശയിൽ കെ എഫ് സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്. കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതൽ എല്ലാ ഇടപാടുകാർക്കും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും.

ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ആഗസ്റ്റ് മാസം ഒരുമിച്ച് നൽകുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയിൽ നേരിട്ട് എത്തും. ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യൽ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കും. വായ്പ പദ്ധതി പലിശയിളവ്: 2000, സ്പെഷ്യൽ കിറ്റ്: 526, വാടക ഒഴിവാക്കൽ, കെട്ടിട നികുതി ഒഴിവാക്കൽ, ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് ഒഴിവാക്കൽ: 274, കെ എഫ് സി: 850, കെ എസ് എഫ് ഇ: 300, പെൻഷൻ: 1700. ആകെ 5650 കോടി രൂപയാണ് പാക്കേജിൽ ഉൾപ്പെടുകയെന്ന് ധനമന്ത്രി പറഞ്ഞു.

NO COMMENTS