ഗുണ്ടാപ്പണം നല്‍കാത്തതിന്‍റെ പേരില്‍ യുവാവിനെ കൗമാരക്കാരുടെ സംഘം തല്ലിക്കൊന്നു

182

ഭാവ്നഗര്‍: ഗുണ്ടാപ്പണം നല്‍കാത്തതിന്‍റെ പേരില്‍ യുവാവിനെ കൗമാരക്കാരുടെ സംഘം തല്ലിക്കൊന്നു. ഗുജറാത്തിലെ ഭാവ് നഗറില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ റഫീഖ് ഹുസൈന്‍ എന്ന പച്ചക്കറി കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. അക്രമം നടത്തിയത് 17 നും 19 നും ഇടയില്‍ പ്രായക്കാരായ എട്ടു പേരുടെ സംഘമായിരുന്നു.
രാത്രിയില്‍ നടന്ന സംഭവത്തിലെ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറുവടിയും ഇരുന്പു ദണ്ഡുകളും കൊണ്ട് സംഘം ഇയാളെ ആക്രമിക്കുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഡിടിവി പുറത്തുവിട്ടു. അക്രമി സംഘം ഇയാളെ ഓടിച്ചു കൊണ്ടുവരുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണുപോകുന്നതും പിന്നാലെയെത്തിയവര്‍ ക്രൂരമായി ആക്രമിക്കുന്നതുമെല്ലാം ദൃശ്യത്തില്‍ വ്യക്തം.മരിക്കുന്നത് വരെ റഫീഖിനെ ഇവര്‍ വടിയും കന്പിവടിയും ഉപയോഗിച്ച്‌ തല്ലുന്നുണ്ട്. ഭാവ്നഗര്‍ തെരുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന റഫീഖ് അടുത്തിടെ 25 ലക്ഷത്തിന് ഒരു വീടും സ്ഥലവും വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ സംഘം പണം ആവശ്യപ്പെട്ട് മൂന്നാല് ദിവസമായി റഫീഖിനെ ശല്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ വീടു വാങ്ങിയത് വായ്പയെടുത്താണെന്ന് പറഞ്ഞ റഫീഖ് ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നായിരുന്നു കുട്ടികളുടെ ആക്രമണം. എന്നാല്‍ സംഭവം പകര്‍ത്തിയ സിസിടിവി കണക്കുകൂട്ടലുകളെല്ലാം നശിപ്പിച്ചു.

NO COMMENTS

LEAVE A REPLY