ഓണക്കിറ്റിനു കുടുംബശ്രീ ജില്ലയിൽ ഒരുക്കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി

11

ഓണക്കിറ്റിലേക്കു ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നൽകുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി. ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റു കൾവഴിയാണു നിർമാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ഓണക്കറ്റിലേക്കു ചിപ്‌സും ശർക്കരവരട്ടിയും നിർമിക്കുന്ന കോട്ടുകാൽ പഞ്ചായത്തിലെ കാർത്തിക ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു.

ഓണക്കിറ്റിൽ നാടിന്റെ തനത് ഉത്പന്നങ്ങൾ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണു കുടുംബശ്രീ യൂണിറ്റുകൾ വഴി ഉപ്പേരി നിർമിക്കാൻ തീരുമാനിച്ചതെന്നു യൂണിറ്റ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. വനിതാ ശാക്തീകരണത്തിനു കൂടുതൽ പ്രചോദനമാകുന്ന പ്രവർത്തനങ്ങളാണ് ഇവ. ഏത്തവാഴ കർഷകർക്കും ഈ തീരുമാനം ഏറെ പ്രയോജനകരമായതായും മന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കിറ്റ് തയാറാക്കുന്നിനുള്ള തുണിസഞ്ചികൾ നിർമിക്കുന്ന ദിയ കുടുംബശ്രീ യൂണിറ്റും മന്ത്രി സന്ദർശിച്ചു.

സപ്ലൈകോയുടെ ജില്ലയിലെ നാലു ഡിപ്പോകളി ലേക്കുള്ള ചിപ്സും ശർക്കര വരട്ടിയുമാണു 11 കുടുംബശ്രീ യൂണിറ്റുകളിലൂടെ നിർമിക്കുന്നത്. സപ്ലൈകോയിൽനിന്നു കുടുംബശ്രീ ജില്ലാ മിഷനു ലഭിച്ച ഓർഡർ അനുസരിച്ചാണു ചിപ്സും ശർക്കര ഉപ്പേരിയും തയാറാക്കുന്നത്. വിതരണം ചെയ്യാൻ ബാക്കിയുള്ള പാക്കറ്റുകൾ അതിവേഗത്തിൽ തയാറാക്കുകയാണെന്നും മൂന്നു ദിവസത്തിനകം ഇവ സപ്ലൈകോയ്ക്കു കൈമാറാൻ കഴിയുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. കെ.ആർ. ഷൈജു പറഞ്ഞു.

എം. വിൻസന്റ് എം.എൽ.എ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. മൻ മോഹനൻ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, വൈസ് പ്രസിഡന്റ് ജി. ഗീത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ (മാർക്കറ്റിങ്) എം. നവജിത്ത്, കോട്ടുകാൽ കുടുംബശ്രീ ചെയർപേഴ്സൺ എസ്. പ്രസന്നകുമാരി, കാർത്തിക ചിപ്സ് യൂണിറ്റ് ഡിവിഷൻ മെമ്പർ വിഷ്ണുപ്രസാദ്. സി.ഡി.എസ്. അംഗം വിമല തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

NO COMMENTS