100 ദിന കര്‍മ്മ പദ്ധതി : കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

21

മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോട്ടൂരില്‍ നിര്‍മിച്ച ആന പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഘട്ടങ്ങളിലെത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി.

ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറിലും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെയും പൂര്‍ത്തിയാകും. കോട്ടൂരില്‍ മൃഗാശുപത്രി, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, എന്‍ട്രന്‍സ് പ്ലാസ, കഫറ്റേരിയ, ടോയ്ലറ്റ് ബ്ലോക്ക്, ആനകള്‍ക്കുള്ള ഭക്ഷണശാല, ഷെല്‍റ്റര്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ കവടിമൂല മുതല്‍ കോട്ടൂര്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണവും ചെക്ക് ഡാമിന്റെ നിര്‍മ്മാണവും പമ്പ് ഹൗസും 800 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കലും പൂര്‍ത്തിയാക്കും.

സ്ഥിരമായി നാട്ടിലിറങ്ങി കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന ആനകളെ പിടികൂടി പുനരധിവസിപ്പിക്കുന്നത് നിലവില്‍ ഈ കേന്ദ്രത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കോട്ടൂര്‍ മാറും. ജി.സ്റ്റീഫന്‍ എം.എല്‍.എ, വനം വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

NO COMMENTS