പ്രളയത്തില്‍ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സ്ഥിതി വിലയിരുത്തിയ മന്ത്രി എംഎല്‍എയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ ഉടന്‍ നാശനഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വേഗത്തില്‍ എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രളയം മൂലം ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടം കൃത്യമായി എത്രയും വേഗം രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അടിയന്തരമായി ഉറപ്പാക്കണം. കോവിഡ് മഹാമാരിയില്‍ തകര്‍ന്നു നില്‍ക്കുന്ന വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം. ഇവര്‍ക്കും സഹായം ഉണ്ടാകണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
റാന്നി താലൂക്ക് ആശുപത്രി, മാമുക്ക്, ഇട്ടിയപ്പാറ ടൗണ്‍, മക്കപ്പുഴ, അങ്ങാടി, പേട്ട, ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. എംഎല്‍എയ്ക്ക് പുറമേ, മുന്‍ എംഎല്‍എ രാജു എബ്രഹാം, സിപിഐഎം ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദ് അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി എന്നിവര്‍ അവര്‍ റാന്നിയിലെ വിവിധ സ്ഥലങ്ങള്‍ മന്ത്രിക്കൊപ്പം സന്ദര്‍ശിച്ചു.