പട്ടികവർഗവികസന ഫണ്ട് വിനിയോഗം: യോഗം ചേർന്നു

17

ജില്ലാ വികസന സമിതിയോഗത്തിന് മുന്നോടിയായി പട്ടികവർഗമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അരുവിക്കര, വാമനപുരം, പറശ്ശാല നിയോജകമണ്ഡലങ്ങളിൽ പട്ടികവർഗവികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഫണ്ടിൽ ഉൾപ്പെട്ട പദ്ധതികളും അവയുടെ പുരോഗതിയും യോഗം വിലയിരുത്തി. 2014-15 സാമ്പത്തിക വർഷം മുതലുള്ള പൂർത്തിയാകാത്ത പദ്ധതികളും പട്ടിക വർഗമേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായി.

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഹോസ്റ്റലുകളുടെയും അടിസ്ഥാന സൗകര്യവികസനം, ആദിവാസി സെറ്റിൽമെന്റിലേക്കുള്ള റോഡ് നിർമാണം, കുടിവെള്ള കണക്ഷൻ എന്നിവയും യോഗം ചർച്ച ചെയ്തു. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ആദിവാസികളെ സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിംഗ്, കിടങ്ങുകൾ എന്നിവയുടെ നിർമാണവും അവ പരിപാലിക്കുന്നതിനാവശ്യമായ നടപടികളും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് യോഗത്തിൽ പങ്കെടുത്ത ജി സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.

പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് എല്ലാ വകുപ്പുകളും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വികസന കമ്മീഷണർ ഡോ.വിനയ് ഗോയൽ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ, ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ, വാട്ടർ അതോറിറ്റി-പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

NO COMMENTS