ഹൈദരാബാദ് • മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. കേന്ദ്രസര്‍ക്കാരിനെതിരെ സാക്കിര്‍ നായിക്ക് ഉന്നയിച്ച ആരോപണങ്ങള്‍ യുക്തിരഹിതമാണ്. സാക്കിര്‍ മതത്തിന്റെ തണലില്‍ അഭയം തേടാന്‍ ശ്രമിക്കുകയാണ്. എല്ലാ ഇന്ത്യന്‍ മുസ്‍ലിംകളുടെയും നേതാവാണോ സാക്കിര്‍ നായിക്ക്? അസംബന്ധമാണ് അദ്ദേഹം പറയുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.സാക്കിര്‍ നായിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കു സാക്കിര്‍ നായിക്കുമായി എന്തു ബന്ധമാണുള്ളത്? സാക്കിര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും.അതിനു മതത്തിന്റെ തണലില്‍ ഒളിക്കാന്‍ ശ്രമിക്കരുത്. ആളുകള്‍ തെറ്റോ കുറ്റമോ ചെയ്താല്‍ അതിനെ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് പുതിയൊരു ഉപായമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഭീകരന്‍ എന്ന പേരു വിളിക്കുവാന്‍ മാത്രം താന്‍ എന്താണു ചെയ്തതെന്നു കേന്ദ്ര സര്‍ക്കാരിനെഴുതിയ തുറന്ന കത്തില്‍ സാക്കിര്‍ നായിക് ഇന്നലെ ചോദിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നതു തനിക്കെതിരെ മാത്രമുള്ള ആക്രമണമല്ല, ഇന്ത്യയിലെ മൊത്തം മുസ്ലിംകള്‍ക്കും എതിരെയുള്ളതാണ്. ഇതു ജനാധിപത്യത്തിനും നീതിക്കും സമാധാനത്തിനും എതിരാണെന്നും സാക്കിര്‍ കത്തില്‍ ആരോപിച്ചിരുന്നു.