ബെംഗളൂരു • കാവേരീനദീജല പ്രശ്നത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള കര്‍ണാടകയുടെ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടക സമര്‍പ്പിച്ച പുതുക്കല്‍ ഹര്‍ജിയാണ് ഇന്നു രാവിലെ പരിഗണിക്കുക.
പത്തു ദിവസത്തേക്കു 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാന്‍ ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കര്‍ണാടക ശനിയാഴ്ച വൈകിട്ടു പുതുക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കെആര്‍എസ് ഉള്‍പ്പെടെ കാവേരിയിലെ നാലു സംഭരണികളിലും ജലനിരപ്പു വളരെ കുറവായതിനാല്‍ തമിഴ്നാടിനു നല്‍കിവരുന്ന ജലത്തിന്റെ അളവ് പതിനയ്യായിരത്തില്‍നിന്ന് 1000 ക്യുസെക്സ് ആയി കുറയ്ക്കണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം.
കാവേരീനദിയില്‍നിന്ന് ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട ജലത്തിന്റെ അളവു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിന് ഇന്നു ചേരുന്ന കാവേരി മേല്‍നോട്ട സമിതിയിലും കര്‍ണാടക തങ്ങളുടെ സാഹചര്യം വ്യക്തമാക്കും.