കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യമായാണ് കാസർഗോഡ് സർക്കാർ മേഖലയിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ഇവരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയിൽ മെഡിക്കൽ കോളേജിൽ ഇവരുടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.