നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സംഭവങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ശരിവെക്കുന്നുണ്ട്.
സംവിധായകന് ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിരുന്നതായി ഫോണ്‍ സംഭാഷണത്തില്‍ പള്‍സര്‍ സുനി സമ്മതിക്കുന്നു. കേസില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും പത്രത്തില്‍ കാണുന്നതല്ലാതെ ഒന്നും അറിയാന്‍ കഴിയുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഇപ്പോള്‍ തിരക്കിലാണോ എന്നും സുനി ജിന്‍സണോട് ചോദിക്കുന്നു.
ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറിയതായി ജിന്സണ് പറയുന്നു. രാമചന്ദ്രന് നായരോ, ബാലകൃഷ്ണന് നായരോ, നിനക്ക് ആ പുള്ളിയുമായി പരിചയമുണ്ടോ എന്ന് ജിന്സണ് ചോദിക്കുന്നു. അപ്പോള്‍ അയാളെ രണ്ടു മൂന്നുവട്ടം കണ്ടിട്ടുണ്ട്. അത്രയേയുള്ളൂവെന്ന് പള്‍സര്‍ സുനി മറുപടി പറഞ്ഞു.
ദിലീപിന്റെ വീട്ടില്‍ വച്ചാണോ, ഹോട്ടലില്‍ വെച്ചാണോ എന്ന ചോദ്യത്തിന്, വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി വ്യക്തമാക്കുന്നു. പിക്ക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ട്. അനൂപ് ആണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നതായി ജിന്സണ് വ്യക്തമാക്കുന്നു. നിങ്ങള്‍ ഒരുമിച്ച് കാറില്‍ സഞ്ചരിച്ചിരുന്നോ എന്നും ജിന്സണ് ചോദിക്കുന്നു.
അപ്പോള്‍ അത് മറ്റേ ഇതിന് പോയതായിരിക്കും, എന്നിട്ട് പുള്ളി എന്തൊക്കെയാ പറയുന്നേ എന്നും പള്‍സര്‍ സുനി ജിന്‍സണിനോട് ചോദിക്കുന്നുണ്ട്. നിന്റെ കയ്യില്‍ കുറച്ച് പണം തന്നതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജിന്സണ് പറയുന്നുണ്ട്. ബസില്‍ പോകുമ്ബോള്‍ സൂക്ഷിച്ച് പോകണമെന്നും നിര്‍ദേശിച്ചിരുന്നുവത്രെ. അങ്ങനെയൊക്കെ ഉണ്ടായോ എന്നും ജിന്സണ് ചോദിച്ചു.
അത് ഞാന്‍ പറയാം, വേറൊരു കാര്യം കൂടിയുണ്ട്. കോടതിയില്‍ കേസ് നിര്‍ത്തിവെച്ചിരിക്കുകയാണോ എന്നും പള്‍സര്‍ സുനി ചോദിക്കുന്നു. പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസും പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിന്സണ് പറയുന്നു. അപ്പോള്‍ അങ്ങനെ കൊടുക്കാന്‍ ചാന്‍സുണ്ടോയെന്ന് പള്‍സര്‍ ചോദിക്കുന്നു. മാധ്യമങ്ങളിലൊക്കെ അങ്ങനെയാണ് പറയുന്നതെന്ന് ജിന്സണ് മറുപടിയും നല്കുന്നു.
ബാലചന്ദ്രകുമാര്‍ എല്ലാം പക്കാ തെളിവോടുകൂടെയാണ് പറയുന്നത്. അയാളുടെ വാക്കു കേട്ടാല്‍ ഇതെല്ലാം നടന്നതു തന്നെയാണെന്ന് ഏതൊരാളും വിശ്വസിക്കുമെന്നും ജിന്സണ് പറഞ്ഞു. അനൂപും ദിലീപേട്ടനുമൊക്കെയായിട്ട് ഇയാള്‍ തെറ്റാനുള്ള കാരണമെന്താണെന്ന് പള്‍സര്‍ സുനി ചോദിക്കുമ്ബോള്‍, അതറിയില്ലെന്ന് ജിന്സണ് മറുപടിയും നല്കി.