എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

14

മിതൃമ്മല സ്‌കൂളുകളിലെ ബഹുനിലമന്ദിരങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണ് ലക്ഷക്കണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവേശനത്തിനെത്തിയെ തെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയും മിതൃമ്മല ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയും ബഹുനില മന്ദിരങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വാമനപുരം എം.എല്‍.എ ഡി.കെ മുരളിയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്കായി അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.

ഹൈടെക് ക്ലാസ്സ് മുറികളും മികച്ച ലൈബ്രറികളും അധ്യാപകരും പഠനാന്തരീക്ഷവും ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുണ്ടെന്നും മിതൃമ്മല സ്‌കൂളുകളും ഇത്തരത്തില്‍ മാതൃകയാകട്ടെയെന്നും ചടങ്ങില്‍ മന്ത്രി ആശംസിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടം നിര്‍മിച്ചത്. 2018-19ലെ സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിനായി 1.49 കോടി രൂപയാണ് ചെലവായത്.

ഗവ. ജി.എച്ച്.എസ്.എസ് മടത്തറ കാണി, ജി.യു.പി.എസ് പൊന്മുടി, ജി.എല്‍.പി.എസ് ചുള്ളിമാനൂര്‍, ജി.എല്‍.പി.എസ് നെടുങ്കൈത, ജി.എല്‍.പി.എസ് കരിമണ്‍കോട്, ജി.യു.പി.എസ് ആട്ടുകാല്‍, ജി.എല്‍.പി.എസ് ആനാട്, ജി.യു.പി.എസ് ആലന്തറ, ജി.എല്‍.പി.എസ് പച്ച, ജി.എല്‍.പി.എസ് ഭരതന്നൂര്‍, ജി.യു.പി.എസ് രാമപുരം എന്നീ സ്‌കൂളിലേക്ക് ബസ് വാങ്ങുന്നതിനായി 1.65 കോടി രൂപയാണ് ഡി.കെ മുരളി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ചത്.

ഡി. കെ മുരളി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രഥമാധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

NO COMMENTS