പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 18ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2022 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റും അനുബന്ധ രേഖകളും ധനമന്ത്രി മാർച്ച് 11ന് സഭയിൽ അവതരിപ്പിക്കും.ഫെബ്രുവരി 21ന് സഭാംഗമായിരുന്ന പി. ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയുമെന്ന് സ്പീക്കർ എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗവർണറുടെ പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ച 22, 23, 24 തീയതികളിൽ നടക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയുണ്ടാവില്ലമാർച്ച് 14 മുതൽ 16 വരെ ബഡ്ജറ്റിലുള്ള പൊതുചർച്ച നടക്കും. 17ന് അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും. 202223 വർഷത്തെ ആദ്യ നാലു മാസത്തെ ചെലവുകൾ നിർവഹിക്കുന്നതിനുള്ള വോട്ട് ഓൺ അക്കൗണ്ട് മാർച്ച് 22നും ഉപധനാഭ്യർത്ഥനകളെയും വോട്ട് ഓൺ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം 21, 23 തീയതികളിലും പരിഗണിക്കും.
21, 23 തീയതികളിൽ സർക്കാർ കാര്യങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള സമയം വിനിയോഗിക്കുന്നത് സംബന്ധിച്ച് 21ന് ചേരുന്ന കാര്യോപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സഭ തീരുമാനിക്കും. മാർച്ച് 23ന് സമ്മേളനം അവസാനിക്കുമെന്ന് സ്പീക്കർ പറഞ്ഞു.