വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

14

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2021ലെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനൻസ് ട്രിബ്യൂണൽ, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായികരംഗം, കലാ സാഹിത്യ സാംസ്‌കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്ത നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കുമായി ഒമ്പത് ഇനങ്ങളിലായാണ് വയോസേവന അവാർഡ് നൽകുന്നത്. വയോജന സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കിയെടുക്കാൻ പുരസ്‌കാരങ്ങൾ സഹായിക്കുമെന്ന് അവാർഡുകൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

പുരസ്‌കാര ജേതാക്കൾ

വയോജന ക്ഷേമ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്ത് – അരിമ്പൂർ പഞ്ചായത്ത് (തൃശൂർ), മികച്ച ബ്ലോക്ക് പഞ്ചായത്ത് – മാനന്തവാടി(വയനാട്), മികച്ച ജില്ലാ പഞ്ചായത്ത് – തിരുവനന്തപുരം, മികച്ച എൻ.ജി.ഒ/സ്ഥാപനം – ജിഗ്ലാൽ ആശ്വാസ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ട, മികച്ച മെയിന്റനൻസ് ട്രിബ്യൂണൽ – ആർ.ഡി.ഒ. ഇരിങ്ങാലക്കുട, മികച്ച സർക്കാർ ഓൾഡ് ഏജ് ഹോം – കെയർഹോം പുലയനാർകോട്ട തിരുവനന്തപുരം, മുതിർന്ന പൗര•ാരിലെ മികച്ച കായികതാരം – തങ്കമ്മ വി.കെ.(കൊല്ലം), രാജം ഗോപി(എറണാകുളം), കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രകടനം – രാമചന്ദ്രൻ(കണ്ണൂർ), ഡോ. ഉസ്താദ് ഹസൻ ഭായ്(കാസർകോഡ്).

കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ എന്നിവർക്കു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകും. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർപേഴ്സണും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വൈസ് ചെയർപേഴ്‌സണും സാമൂഹ്യ നിതീ ഡയറക്ടർ കൺവീനറും കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ, സംസ്ഥാന വയോജന കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഈ മേഖലയിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്നതും, അംഗീകാരം നൽകുന്നതും ഈ മേഖലയിലെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിൽ ആത്മവിശ്വാസം വളർത്താനും ഊർജം പകരാനും പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ ആദരം ലഭ്യമാകുന്നതിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കുമെന്നതിനാൽ പുതുമയാർന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനായുള്ള പ്രചോദനമായിത്തീരും. അങ്ങനെയുള്ള പ്രചോദനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വയോജനക്ഷേമവും സംരക്ഷണവും ഏറ്റവും ഫലപ്രദമായി ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത മുൻനിർത്തിയാണ് കേരള സർക്കാർ ഈ വർഷം മുതൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വയോസേവന അവാർഡ് നൽകി ആദരിക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS