ജില്ലയിലെ പ്രളയ സാധ്യത തയ്യാറെടുപ്പുകൾ വിലയിരുത്തി മോക്ക്ഡ്രിൽ

15

തിരുവനന്തപുരം : ഉച്ചയ്ക്ക് രണ്ടരയോടെ നെയ്യാറ്റിൻകര പാലക്കടവ് ഭാഗത്തേക്ക് സൈറൺ മുഴക്കി ആംബുലൻസുകൾ കുതിച്ചെത്തി. തൊട്ടുപിന്നാലെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയർ ടെൻഡർ, പൊലീസ് ജീപ്പുകൾ, വിവിധ വകുപ്പുകളുടെ വാഹനങ്ങൾ. പോലീസി നേയും ഫയർഫോഴ്‌സിനേയും ഉദ്യോഗസ്ഥരേയും കണ്ടതോടെ പാലക്കടവ് നിവാസികളും സംശയത്തിലായി. ആശങ്കയുടെ ഏതാനും നിമിഷങ്ങൾക്കൊടുവിൽ ഓടിക്കൂടിയവരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിവിടർന്നത് പ്രളയ സാധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലാണിതെന്ന് അറിഞ്ഞതോടെയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ.

നെയ്യാറ്റിൻകര താലൂക്കിലെ രാമേശ്വരം പ്രദേശത്തെ നെയ്യാറിന്റെ ഭാഗത്ത് പ്രതീകാത്മക വെള്ളപ്പൊക്കം ആവിഷ്‌കരിച്ചായിരുന്നു മോക്ഡ്രിൽ നടന്നത്. ഉച്ചയക്ക് രണ്ട് മണിയോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചായിരുന്നു മോക്ഡ്രില്ലിന്റെ തുടക്കം. സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് താലൂക്ക് കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറി. പാലക്കടവ് പ്രദേശത്ത് ക്രമാതീതമായി വെള്ളം പൊങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫയർഫോഴ്‌സ് പോലീസ്, റവന്യൂ, മറ്റ് ദുരന്തനിവാരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

2.45ഓടെ പ്രദേശവാസികളെ ഒഴിപ്പിച്ചു തുടങ്ങി. കെട്ടിടം തകർന്ന് അപകടത്തിൽപ്പെട്ടയാളെയും കൊണ്ട് അഗ്നിശമനസേനാംഗങ്ങൾ ബോട്ടിലെത്തി. സാരമായി പരിക്കേറ്റയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രാമേശ്വരം, കണ്ണംകുഴി ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയ മുപ്പതോളം പേരെ നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ജില്ലാ കളക്ടർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ള ജില്ലാ തല ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ കൃത്യമായ നിർദേശങ്ങൾ താലൂക്ക് കൺട്രോൾ റൂമിൽ ലഭിക്കുന്നുണ്ടായിരുന്നു. കൂടാതെ ഓരോ 15 മിനിട്ട് ഇടവേളകളിൽ ദുരന്തമുഖത്തെ സ്ഥിതിഗതികൾ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന് കൈമാറുന്നുണ്ടായിരുന്നു.

വെള്ളപ്പൊക്കത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ ഫയർഫോഴ്‌സ് വീണ്ടും തിരച്ചിൽ നടത്തി, ഒടുവിൽ നിശ്ചയിച്ചതിലും നേരത്തെ രക്ഷാപ്രവർത്തനം പൂർത്തിയായതായി 3.39തോടെ നെയ്യാറ്റിൻകര ഡി എം ഡെപ്യൂട്ടി തഹസിൽദാർ മിമി എസ്. എസ് അറിയിച്ചു. അൽപസമയത്തിനുശേഷം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടതിനെ തുടർന്ന് അമരവിളഭാഗത്ത് വെള്ളം കയറിയതായി സന്ദേശമെത്തിയതോടെ ദുരന്തനിവാരണസംഘം ദുരന്തബാധിത പ്രദേശത്തെത്തുകയും ഇരുപതോളം പേരെ അമരവിള എൽപി.എസിലെ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. വൈകിട്ട് 4.30തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു മോക്ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ വിവിധ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും ഉള്ള ശക്തിയും ദൗർബല്യവും തിരിച്ചറിയുകയും അതിനനുസരിച്ച് തിരുത്തലുകൾ ആവശ്യമെങ്കിൽ നടത്തുന്നതിനും പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ റ്റി.കെ വിനീത്, എൽ. എ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, എൽ.എ എൻ.എച്ച് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറായ സജി ലാൽ എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നു.താലൂക്ക് കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾക്ക്‌ ഇൻസിഡന്റ് കമാൻഡറും തഹസിൽദാറുമായ ശോഭ സതീഷ് നേതൃത്വം നൽകി.

നെയ്യാറ്റിൻകര സി.ഐ സാഗർ ഓൺ സൈറ്റ് ഇൻസിഡന്റ് കമാൻഡറായി പ്രവർത്തിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മധുകുമാർ, നെയ്യാറ്റിൻകര ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ രൂപേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മോക്ഡ്രില്ലിൽ പങ്കെടുത്തു.

NO COMMENTS