ബെംഗളൂരു: കാവേരി സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ യാത്രക്കാരെ കേരള ആര്‍.ടി.സി. പോലീസ് സംരക്ഷണത്തോടെ നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതിനുശേഷം 32 ബസ്സുകളിലായിട്ടാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്. നാലുബസ്സുകള്‍ ബത്തേരിവഴിയും ബാക്കി കുട്ട, ഗോണിക്കുപ്പ വഴിയുമാണ് സര്‍വീസ് നടത്തിയത്. മാണ്ഡ്യവരെ കര്‍ണാടകപോലീസിന്റെ സംരക്ഷണത്തോടെയും അതിനുശേഷം കേരള പോലീസിന്റെ സംരക്ഷണത്തിലുമായിരുന്നു യാത്ര. നാട്ടിലെത്തി ഓണം ആഘോഷിക്കാന്‍ കാത്തുനിന്ന നിരവധി മലയാളികള്‍ക്ക് കേരള ആര്‍.ടി.സി.യുടെ നടപടി ആശ്വാസമായി. കാവേരി പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ സര്‍വീസുകളൊന്നും നടത്തിയിരുന്നില്ല.13 സര്‍വീസുകളാണ് ചൊവ്വാഴ്ച കേരള ആര്‍.ടി.സി. റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് നാട്ടില്‍പോകാന്‍ നേരത്തേ ടിക്കറ്റെടുത്ത നിരവധിമലയാളികള്‍ യാത്രാമാര്‍ഗങ്ങളില്ലാതെ നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കേരള ആര്‍.ടി.സി. ബെംഗളൂരു ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ജയരാജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തോടെ യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു. കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങിയവര്‍ കര്‍ണാടക ഡി.ജി.പി. ഓംപ്രകാശ്, കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പ്രശ്നങ്ങള്‍ക്കിടയിലും കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തിയത് യാത്രക്കാര്‍ക്കുള്ള കേരള ആര്‍.ടി.സി.യുടെ ഓണസമ്മാനമായി. പ്രതിഷേധം ശക്തമായിരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി അഞ്ചുസര്‍വീസുകള്‍ മാത്രമേ കേരളത്തിലേക്ക് നടത്തിയിരുന്നുള്ളൂ. പോലീസ് സംരക്ഷണത്തോടെ ഹാസന്‍, മംഗളൂരു വഴി കാസര്‍കോട്ടേക്കായിരുന്നു സര്‍വീസ് നടത്തിയത്. ഇവിടെനിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കേരള ആര്‍.ടി.സി. യാത്രാ സൗകര്യമൊരുക്കുകയായിരുന്നു. തിങ്കളാഴ്ച 35 സര്‍വീസുകളാണ് കേരള ആര്‍.ടി.സി. റദ്ദാക്കിയത്. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള കേരള ആര്‍.ടി.സി. ബസ്സുകള്‍ മൈസൂരു വരെയേ സര്‍വീസ് നടത്തിയുള്ളൂ.