തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതോടെ സ്ത്രീ സുരക്ഷയ്ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ 35000 സി.സി ടിവി കാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 1000 റെയില്‍വേ സ്റ്റേഷനുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ പുരോഗതി റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ. മിത്തല്‍ നേരിട്ട് വിലയിരുത്തും.
സി.സി ടിവി കാമറകള്‍ സ്ഥാപിക്കുന്നവയില്‍ 200 സ്റ്റേഷനുകള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളതായിരിക്കും. റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരാടിസ്ഥാനത്തിലുള്ള എ, ബി, സി തുടങ്ങിയ തരംതിരിവുകള്‍ നോക്കാതെ സ്ത്രീകള്‍ക്ക് ഭീഷണി അധികമുള്ള സ്റ്റേഷനുകളാണ് തിരഞ്ഞെടുക്കുന്നത്.
ഒരു സ്റ്റേഷനില്‍ 35 സ്ഥലങ്ങളിലാണ് കാമറ സ്ഥാപിക്കുക. ഡിവിഷണല്‍ ആസ്ഥാനത്തെ സെര്‍വറിലായിരിക്കും നിയന്ത്രണം. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത, സ്ത്രീസുരക്ഷ സംബന്ധിച്ച യോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്. മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ഭയ ഫണ്ടില്‍ നിന്ന് 200 കോടി രൂപയും അനുവദിച്ചു. 500 കോടി രൂപയാണ് വകയിരുത്തിയത്. ബാക്കി തുക പദ്ധതി പൂര്‍ത്തിയാകുന്ന ദിവസം നല്‍കും. പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്തതോടെയാണ് റെയില്‍വേ ചെയര്മാന് പദ്ധതിയുടെ നടത്തിപ്പിന് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചത്. റെയില്‍വേ പദ്ധതിയുടെ മുന്‍ഗണനാ ലിസ്റ്റിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.