വനിത ശിശുവികസന ഓഫീസുകൾ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: മന്ത്രി വീണാ ജോർജ്

20

തിരുവനന്തപുരം : ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫിസുകൾ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസിൽ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട വകുപ്പാണ്. പരാതി പറയാനെത്തുന്നവരെക്കൂടി ഉൾക്കൊള്ളാനാകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ചുള്ള ജില്ലാതല ഓഫീസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കുകയാണ് വനിത ശിശു വികസന വകുപ്പിന്റെ ലക്ഷ്യം. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഡേറ്റ ഉണ്ടായിരിക്കണം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശേഖരിക്കുന്ന ഡേറ്റകൾ ഓരോ മാസവും അവലോകനം നടത്തണം.

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഫയലുകൾ ഒക്ടോബർ പത്തിനകം തീർപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി. ഓരോ ഫയലുകളും തീർപ്പാക്കാൻ തടസമായ കാരണങ്ങൾ കൃത്യമായി ബോധിപ്പിക്കണം. ജില്ലാതലത്തിലും വകുപ്പ് തലത്തിലും ഡയറക്ടറേറ്റ് തലത്തിലും പ്രവർത്തനങ്ങൾ ഓരോ മാസവും അവലോകനം നടത്തണം. 153 സ്മാർട്ട് അങ്കണവാടികൾ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കണം. അങ്കണവാടികളുടെ സമ്പൂർണ വൈദ്യുതിവത്ക്കരണം എത്രയും വേഗം യാഥാർത്ഥ്യ മാക്കണം.

ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങളും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകുവാൻ കാലതാമസം പാടില്ല. ഏറ്റവും മികച്ച ജോലിയന്തരീക്ഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വനിത ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ എസ്. ശിവന്യ, ജില്ലാ വനിത ശിശു വികസന ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS