വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി. എസ്. സി ക്ക് വിട്ട തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി

18

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍.

പി.എസ്.സിക്ക് വിട്ടുകൊണ്ട് കേരള നിയമസഭ പാസാക്കിയ നിയമം തല്‍ക്കാലം നടപ്പാക്കേണ്ടതി ല്ലെന്ന് നേരത്തേ മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

മരവിപ്പിച്ച തീരുമാനമാണ് ഇപ്പോള്‍ പൂര്‍ണമായും പിന്‍വലിച്ചിരി ക്കുന്നത്.പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ യാതൊരു തുടര്‍നടപടിയും എടുത്തിട്ടില്ലെന്നും, നിയമനങ്ങള്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തി നിയമഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പി.കെ. കു‌ഞ്ഞാലിക്കുട്ടി യുടെ ഉപക്ഷേപത്തിന് മറുപടിയായി പറഞ്ഞു.

പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ മുസ്ലീം സംഘടനകള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൊതു പ്രശ്നമായി ഉയര്‍ന്നു വന്നപ്പോള്‍, ,വിഷയത്തില്‍ തുറന്ന കാഴ്ചപ്പാടോടു കൂടി മാത്രമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കൂവെന്ന് മുസ്ലീം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. . ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതപരമായ നയത്തിന്റെ ഗണത്തില്‍ വരുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര നടപടിയും കേരള സര്‍ക്കാരിന്റെ നടപടിയും താരതമ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം രഹസ്യമായെടുത്തതല്ല. സഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയതാണ്. അന്ന് മുസ്ലിംലീഗ് ഉയര്‍ത്തിയ ഒരേയൊരു പ്രശ്നം താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയാക്കരുതെന്നാണ്. അക്കാര്യത്തില്‍ സംരക്ഷണമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലിംലീഗ് ഇതൊരു പ്രശ്നമായി ഉന്നയിക്കുകയായി രുന്നു.പി.എസ്.സിക്ക് വിടരുതെന്ന് ലീഗ് ആവശ്യപ്പെട്ടില്ലെന്നത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് അംഗങ്ങള്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രി അതംഗീകരിച്ചില്ല.

NO COMMENTS