തിരുവനന്തപുരം : രണ്ടു മാസത്തെ ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങും. 3200 രൂപവീതമാണ് വിതരണം ചെയ്യുന്നത്. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും.
ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും. മുൻവർഷം 34,240 രൂപവരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും മറ്റുള്ളവർക്ക് ആയിരംമുതൽ 2750 രൂപവരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാൻസും നൽകി. പൊതുമേഖലാ സ്ഥാപനങ്ങ ളെല്ലാം മിനിമം 8.33 ശതമാനം ബോണസ് നൽകും. 24,000 രൂപവരെ ശമ്പളമുള്ളവർക്കാണ് അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞവർഷം 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാർക്ക് 1210 രൂപയും.
92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് 22ന് വിതരണം തുടങ്ങും. കൺസ്യൂമർഫെഡിന്റെ 1600 ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയിലും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മിൽമ ഓണം സ്പെഷ്യൽ കിറ്റും ആവശ്യത്തിന് പാലും പാലുൽപ്പന്നങ്ങളും ഉറപ്പാക്കും. കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി പരിപ്പും വിലക്കിഴിവിൽ ലഭ്യമാക്കും.
സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോർട്ടികോർപ് പച്ചക്കറിമേള സംഘടിപ്പിക്കും.