ലണ്ടൻ: ബ്രിട്ടണിലെ എലിസബത്ത് രാഞ്ജി (96) അന്തരിച്ചു. 1926 ഏപ്രിൽ 21 ന് ജോർജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോർക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോർക്ക്) യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാൻഡ്ര മേരി വിൻഡ്സർ എന്നായിരുന്നു പേര്. ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണിൽ രാഞ്ജി കരസ്ഥമാക്കിയിരുന്നു.
രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എലിസബത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ മക്കളായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവർ ബാൽമൊറാലിലേക്ക് എത്തിച്ചേർന്നിരുന്നു. എലിസബത്തിന്റെ മരണത്തോടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവാകും.
രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ബക്കിങ്ഹാം കൊട്ടാരത്തിനും സ്കോട്ട്ലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിനടുത്തേക്കും എത്തിയത്. ജോർജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോർജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.