റേഷൻ വ്യാപാരികളുടെ കമ്മീഷൻ പൂർണമായി നൽകുമെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി

15

റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷൻ അതാത് മാസം തന്നെ പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ടു റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ കടയടപ്പു സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. ഒക്ടോബർ മാസത്തെ കമ്മീഷൻ ഭാഗികമായി മാത്രം അനുവദിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

ഫണ്ടിന്റെ അപര്യാപ്ത മൂലമാണ് ഒക്ടോബറിലെ കമ്മീഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവർഷത്തെ (2022-23) റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാന സർക്കാരിന് കാണാൻ കഴിയാതെപോയത്.

റേഷൻ വ്യാപാരികൾക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. PMGKAY പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ കമ്മീഷൻ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം വേണ്ടി വന്നു. ഇതും മുടക്കം കൂടാതെ സെപ്റ്റംബർ മാസം വരെ വ്യാപാരികൾക്ക് നൽകിവന്നിട്ടുണ്ട്. കമ്മീഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105 കോടി രൂപ നൽകേണ്ട സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപ നൽകി കഴിഞ്ഞു. ഇതുമൂലം ഒക്ടോബറിലെ കമ്മീഷൻ പൂർണ്ണമായി നൽകാൻ അധിക തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽകുകയും ഒക്ടോബർ മാസത്തെ കമ്മീഷൻ പൂർണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാൻ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കടയടപ്പ് സമരം ചെയ്യാൻ തങ്ങൾക്ക് താൽപര്യമില്ല എന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നൂം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം നവംബർ 25 മുതൽ 30 വരെ പുനക്രമീ കരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നവംബർ 25, 28, 30 തീയതികളിൽ രാവിലെ 8 മുതൽ ഒരു മണിവരെയും നവംബർ 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതൽ ഏഴ് മണി വരെയും പ്രവർത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ നവംബർ 26, 29 തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരേയും നവംബർ 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ ഏഴു മണിവരെയും പ്രവർത്തിക്കും.

NO COMMENTS