തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികളുടെയും വിധി നാളെ.
കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെ കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, മയക്കു മരുന്ന് നല്‍കി ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സനില്‍ കുമാറാണ് വിധി പറയുക.
കേസ് പരിഗണിച്ച ഉടന്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞ ജഡ്ജി പ്രതികള്‍ക്ക് കുറ്റബോധമുണ്ടോ എന്ന് ചോദിച്ചു. പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നല്ല ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് അവസരം ഒരുക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വാദിച്ച പ്രൊസിക്യൂഷന്‍ വധശിക്ഷയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചില്ല. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷം വിധി പറയാന്‍ കേസ് നാളെക്ക് മാറ്റി.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകാണ് നിര്‍ണായകമായത്. 2018ല്‍ സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ വനിതയാണ് കൊല്ലപ്പെട്ടത്. ചികിത്സ നടത്തിയിരുന്ന സ്ഥലത്ത് നിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപവാസികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ പ്രതികള്‍ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ചു.
തുടര്‍ന്ന് ലഹരി പദാര്‍ഥങ്ങള്‍ നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വള്ളികള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു. 104 സാക്ഷികള്‍ കുറ്റപത്രത്തിലുണ്ടായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്.
28 സാക്ഷികള്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ കൂറുമാറി.