അംഗസമാശ്വാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകമാനം 10721 ഗുണഭോക്താക്കൾക്ക് 21,36,80,000 രൂപ വിതരണം ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ 417 ഗുണഭോക്താക്കൾക്കായി അനുവദിച്ച 1,03,05,000 രൂപയാണ് നൽകുക.
അർബുദം, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് നടത്തുന്നവർ, പരാലിസിസ് ബാധിച്ച് കിടപ്പിലായവർ, എച്ച്.ഐ.വി ബാധിതർ, ഗുരുതര അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ കിടപ്പിലായവർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടും സ്വത്തും നഷ്ടപ്പെട്ടവർ എന്നിങ്ങനെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അവരുടെ കഷ്ടതകളിൽനിന്നും ആശ്വാസമേകുക എന്ന ഉദ്ദേശലക്ഷ്യ ത്തോടെ വിഭാവനം ചെയ്ത അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം 15ന് വൈകിട്ട് 4ന് നടക്കും.
ജില്ലാതല വിതരണോദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നിർവഹിക്കും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും.