രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊല്ലം നഗരം ഒന്നാമതെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ

209

കൊല്ലം: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കൊല്ലം നഗരം ഒന്നാമതെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ(എന്‍.സി.ആര്‍.ബി.)യുടെ കണക്ക്. രണ്ടാംസ്ഥാനത്തുള്ള ഡല്‍ഹിയിലെ കുറ്റകൃത്യ നിരക്ക് 1062.2 ആണെങ്കില്‍ കൊല്ലത്ത് ഇത് 1194.3 ആണ്. മുംബൈയില്‍ 233.2ഉം കൊല്‍ക്കത്തയില്‍ 170ഉം ആണ് കുറ്റകൃത്യ നിരക്ക്. കഴിഞ്ഞവര്‍ഷം കൊല്ലത്ത് 13,257 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളുടെ രണ്ടുശതമാനം വരുമിത.ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കുക.അതനുസരിച്ച്‌ ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ് കൊല്ലം നഗരത്തിന്റെ നില. പതിനൊന്നുലക്ഷം മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 13,257 കേസുകളാണ് 2015ല്‍ കൊല്ലം സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത്. പത്തുലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് പട്ടികയിലുള്ളത്. കണ്ണൂരില്‍ 137ഉം കൊച്ചിയില്‍ 650ഉം കോഴിക്കോട് 455ഉം മലപ്പുറത്ത് 245ഉം തിരുവനന്തപുരത്ത് 913ഉം തൃശ്ശൂരില്‍ 667ഉം ആണ് നിരക്ക്. കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 172 എണ്ണം സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളാണ്. ആകെയുള്ള കേസുകളുടെ 15.5 ശതമാനവും ഇതേവിഭാഗത്തിലുള്ള കേസുകളാണ്. ഭര്‍ത്തൃപീഡനം സംബന്ധിച്ച്‌ 221 കേസുകളും രജിസ്റ്റര്‍ ചെയ്തു.സംഘര്‍ഷം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് 217 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഭാഗത്തില്‍ ഭോപ്പാല്‍ മാത്രമാണ് കൊല്ലത്തിനു മുന്നിലുള്ളത്. അതേസമയം സാമുദായിക കലാപങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ ചെറിയ സംഭവങ്ങളില്‍പ്പോലും പരാതി നല്‍കുന്നതിനാലും അവയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാലുമാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതല്‍ വരുന്നത്.കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളുടെ പട്ടികയിലും കൊല്ലം ഉണ്ട്. അശ്രദ്ധമായി വാഹനമോടിച്ച്‌ നഗരത്തില്‍ കഴിഞ്ഞവര്‍ഷം 149 മരണങ്ങളുണ്ടായി. 1,300 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂഡല്‍ഹിയാണ് ഈ വിഷയത്തില്‍ ഏറ്റവും മുന്നില്‍. കൊല്ലത്ത് 1303 വാഹനാപകടങ്ങള്‍ ഉണ്ടായി.

NO COMMENTS

LEAVE A REPLY