കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്‌ണ‌ന്‍ രാജിവച്ചു

17

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്‌ണ‌ന്‍ രാജിവച്ചു. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ശങ്കർ മോഹനെ പുകച്ച്‌ പുറത്തുചാടിക്കുകയായിരുന്നുവെന്ന്‌ അടൂർ ആരോപിച്ചു. ദളിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ്‌. ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണ്‌. മാധ്യമങ്ങള്‍ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടത്‌. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കര്‍ മോഹനെയോ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ല. വല്ലവരുടെയും വാക്കുകേട്ടാണ്‌ കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ശങ്കർ മോഹൻ പോയാൽ സ്ഥാപനത്തിൽ അരാജകാവസ്ഥ വരും. ബയോമെട്രിക്ക്‌ സംവിധാനം ഏർപ്പെടുത്തിയതാണ്‌ ജീവനക്കാർക്ക്‌ ശങ്കർ മോഹനോട്‌ എതിർപ്പ്‌ വരാൻ കാരണമെന്നും അടൂര്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജി അറിയിച്ചത്. രാജിക്കത്ത്‌ മുഖ്യമന്ത്രിക്ക്‌ കൈമാറിയതായി അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY