ജലബജറ്റ് എന്ന ആശയം രാജ്യ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല യുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു.
പ്രളയം നിയന്ത്രിക്കാൻ കഴിയാത്ത നിലയിലേക്ക് നമ്മുടെ നദികൾ മാറി. നദികളെ പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന തിനുള്ള പ്രവർത്തനങ്ങളാണ് നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷനിലൂടെ ഏറ്റെടുത്തു നടത്തി വരുന്നത്. നമ്മുടെ കാലഘട്ടത്തിൽ ചെയ്യാവുന്ന മൂല്യമുള്ള രേഖയാണ് ജലബജറ്റ് എന്നും തദ്ദേശസ്ഥാപനങ്ങളിലെ സുപ്രധാനപ്പെട്ട ഒരു ജീവനാഡിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ജല ബജറ്റ് റിപ്പോർട്ട് പ്രകാശനവും, ജല ബജറ്റ് മാർഗരേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജലവിഭവ വകുപ്പ്, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ജലസംരക്ഷണ മേഖലയിൽ ഏകോപന പ്രവർ ത്തനങ്ങളുടെ പുതിയൊരു മാതൃക തീർക്കാൻ ജലബജറ്റിലൂടെ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി ജലബജറ്റ് മാർഗരേഖ ഏറ്റുവാങ്ങി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ ജലബജറ്റ് റിപ്പോർട്ട് ഏറ്റുവാങ്ങി.
ജലവിഭവവും ഭരണവകുപ്പും ചീഫ് എഞ്ചിനിയർ പ്രിയേഷ് ആർ., CWRDM സീനിയർ സയന്റിസ്റ്റ് ഡോ. സുശാന്ത് എന്നിവർ ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി സ്വാഗതവും നവകേരളം കർമ്മപദ്ധതി പബ്ലിക് റിലേഷൻ ഓഫീസർ ബി. മനോജ് നന്ദിയും പറഞ്ഞു.