ന്യൂഡൽഹി : മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. തന്നെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് അറിയാമെന്നും, അതുകൊണ്ട് ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതെന്നും സിസോദിയ പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍ ഹാജരായത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
സഞ്ജയ് സിങ് എംഎല്‍എയാണ് ആരോപണം ഉന്നയിച്ചത്. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത്. ഒരാഴ്ചകൂടി സമയം വേണമെന്ന സിസോദിയയുടെ ആവശ്യം നേരത്തെ സിബിഐ അംഗീകരിച്ചിരുന്നു.